ഒരു ജാതി കുപ്പായം



ഉടുത്തുടുത്ത്, പൊടിഞ്ഞ്,
പഴകി, പൊഴിഞ്ഞുപോകു-
മെന്നോര്‍ത്തു ചിലര്‍,
ഇഷ്ടമില്ലാക്കുപ്പായം
പിന്നെയും പിന്നെയും
പറഞ്ഞുടുക്കുന്നു.

വിയര്‍പ്പടിഞ്ഞടിഞ്ഞ് നനഞ്ഞ്,
തയഞ്ഞു തുരുമ്പിച്ചുപൊട്ടു-
മെന്നോര്‍ത്തു ചിലര്‍,
ചങ്ങലകളും കയ്യാമങ്ങളും
പിന്നെയും പിന്നേയും
തലക്കുമേലും ഉയര്‍ത്തിപിടിക്കുന്നു.

അവര്‍ക്കറിയില്ലേ,
കുപ്പായങ്ങളും ചങ്ങലകളു-
മിന്നുമിന്നലെയുമല്ല,വര്‍-
ക്കൊപ്പവുമല്ല, ഉണ്ടായതെന്ന്?
അവര്‍ക്കും മുന്‍പേ,
ആദിയിലുണ്ടായവയാണീ
കുപ്പായങ്ങളും ചങ്ങലകളുമെന്ന്?

അവര്‍ക്കറിയില്ലേ,
തലമുറകളായിരം വിയര്‍ത്തിട്ടും,
തുരുമ്പിക്കാത്തവയാണീ
ചങ്ങലകളെന്ന്?
തലമുറകളായിരം അലക്കിയിട്ടും,
കീറിപോകാത്തവയാണീ
കുപ്പയങ്ങളെന്ന്?

അവര്‍ക്കറിയില്ലേ,
കുപ്പായമഴിക്കുവോളമേ
വെളുത്ത കുപ്പായക്കാരനും
കറുത്ത കുപ്പായക്കാരനുമുള്ളൂവെന്ന്?
കുപ്പായത്തിനടിയിലും, കുപ്പായമഴിച്ചാലും,
ഉണ്ടവയറും പൊള്ളവയറുമുണ്ടെന്ന്?



വാല്‍കഷണം 1:
ഈ കവിതയ്ക്ക് പ്രേരകമായ ലേഖനവും പ്രതികരണവും ഇവിടെ.

വാല്‍കഷണം 2:
ജാതി സ്പിരിറ്റ് വര്‍ക്ക്‌ഔട്ട്‌ ചെയ്യാനായി സത്യക്രിസ്ത്യാനിയായ മനോജിനെ പിടിച്ചു എംപിയാക്കിയ പാര്‍ട്ടിയോട് വേറെന്തു പറയാന്‍?
"താന്താന്‍ നിരന്തരം ചെയ്യുന്ന കാര്യങ്ങള്‍
താന്താന്‍ അനുഭവിചീടുകെന്നെ വരൂ."

Butterfly Dream (ശലഭ സ്വപ്നം)


ചൈനീസ്‌ തത്വ ചിന്തകനായിരുന്ന ഷ്വാങ്ങ്സുവിനെ കുറിച്ചു ഒരു കഥയുണ്ട്‌. ഒരിക്കല്‍ അദ്ദേഹം, താനൊരു പൂമ്പാറ്റയാണെന്ന് സ്വപ്നം കണ്ടു. പക്ഷെ ആ പൂമ്പാറ്റക്ക് താന്‍ ഷ്വാങ്ങ്സു ആണെന്നറിയില്ലായിരുന്നു. പെട്ടന്ന് ഞെട്ടിയുണര്‍ന്ന ഷ്വാന്ഗ്സുവിനു സംശയമായി, ഷ്വാങ്ങ്സുവെന്ന താന്‍ പൂമ്പാറ്റയാണെന്ന് സ്വപ്നം കാണുകയായിരുന്നോ, അതോ യഥാര്‍ത്ഥത്തില്‍ പൂമ്പാറ്റയായ താന്‍ ഇപ്പോള്‍ ഷ്വാങ്ങ്സു ആണെന് സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണോ?.

ക്രിസ്റ്റഫര്‍ സ്കോട്ട് സംവിധാനം ചെയ്ത Butterfly Dream (ശലഭ സ്വപ്നം) എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത് ഈ അസ്തിത്വ പ്രതിസന്ധിയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തില്‍ വികസിക്കുന്ന ഈ ശാസ്ത്രകല്‍പ്പിത ചിത്രം identity collapse എന്ന നൂതന ആശയം കൂടി പങ്കുവയ്ക്കുന്നുണ്ട്. സാം ഗ്രാഷ്യോയുടെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ട ഈ ലോ ബജറ്റ്‌ ചിത്രത്തിന്‍റെ പ്രത്യേകത അതിന്റെ തത്ത്വചിന്താപരമായ തലമാണ്. ഫ്രഞ്ച് തത്വചിന്തകനായ റെനെ ദെ കാര്‍ത്തെയുടെ brain in a vat എന്ന ചിന്താ പരീക്ഷണവുമായി കഥയ്ക്ക് ബന്ധമുണ്ട്. എന്നാല്‍, തിരക്കഥ തയാറാക്കുന്നതിനിടക്ക് നടത്തിയ ചില പഠനങ്ങള്‍ക്കിടക്കു മാത്രമാണ് ദേ കാര്ത്തെയുടെ സിദ്ധാന്തത്തെകുറിച്ചു അറിഞ്ഞതെന്ന് സാം ഗ്രാഷ്യോ പറയുന്നു.

brain -computer interface (BCI), മൊബൈല്‍ ടെക്നോളജി തുടങ്ങിയവ സമന്വയിപ്പിക്കുന്ന ഒരു സാങ്കല്‍പ്പിക കണ്ടുപിടുത്തവും അത് മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധികളെ വല്ലാത്ത ഒരു അസ്തിത്വ തകര്‍ച്ചയിലേക്ക് എത്തിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. മസ്തിഷ്കത്തെ ബാഹ്യ യന്ത്രങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെയാണ് പൊതു
 വില്‍ BCI എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ദ്രിയങ്ങളില്‍ നിന്നും വരുന്ന വിവിധതരം നാഡീതരംഗങ്ങള്‍ മസ്തിഷ്കത്തില്‍ എത്തുന്നത് തലമാസ്‌ എന്ന ഭാഗത്ത് കൂടിയാണ്, അതുപോലെ തിരിച്ചു ശരീരത്തിനുള്ള സന്ദേശങ്ങള്‍ കടന്നു പോകുന്നതും തലാമസിലൂടെ തന്നെ. ഈ നാഡീസന്ദേശങ്ങളെ ഇലെക്ട്രോനിക്‌ സിഗ്നലുകളായി ഡികോഡ് ചെയ്ത്, മൊബൈല്‍ തരംഗങ്ങളായി പുറത്തേക്ക് അയക്കുന്ന ഒരു ഉപകരണം രഹസ്യമായി കണ്ടു പിടിക്കപ്പെടുന്നു. നാനോ ടെക്നോളജിയുടെയും, ന്യൂറോ ഫിസിക്സിന്റെയും സങ്കര ഉല്പന്നമായ, bridge എന്നറിയപ്പെടുന്ന ഈ ഉപകരണം അനായാസമായി തലയോട്ടിക്കടിയില്‍ ഘടിപ്പിക്കാവുന്ന ഒന്നായിരുന്നു. മനുഷ്യന്റെ വികാര വിചാരങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലമായ തലാമസ് തന്നെയാണ് അവന്റെ അസ്തിത്വത്തിന്റെയും ഭൌതികമായ അ ടിസ്ഥാനം. സമയവും സ്ഥലവും സംസ്കാരവും എല്ലാം ഈ പാലത്തെ ആശ്രയിച്ചിരിക്കുന്നു. അവിടെ അത്യന്താധുനികമായ ഒരു ഉപകരണം സ്ഥാപിക്കുക വഴി മനുഷ്യന്റെ അന്നു വരെയുള്ള ചരിത്രത്തെ മൊത്തം നിസ്സാരവത്കരിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇതാണ് സിനിമയുടെ പശ്ചാത്തലം.

മലയാളം ടൈപ്പ് ചെയ്യാന്‍ പുതിയ വഴി.


ബ്ലോഗില്‍ മലയാളം എഴുതാനിതാ ഒരു എളുപ്പ വഴി. ബ്ലോഗ്സ്പോട്ടില്‍ തന്നെ ലഭ്യമായ ഓണ്‍ലൈന്‍ transliteration ഇതിന്റെ ഏഴയലത്തു വരില്ല. ഭൂലോഗ പൌരന്മാര്‍ എല്ലാവരുടെയും അന്നദാതാവും ഉടയതമ്പുരാനുമായ ഗൂഗിള്‍ തന്നെയാണ് പുതിയ സൌകര്യവും ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ IME എന്ന ഈ പുതിയ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം :
http://www.google.com/ime/transliteration/ ഇത് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ വേര്‍ഡ്‌ പാഡിലും , എം എസ് വേര്‍ഡിലുമൊക്കെ എളുപ്പത്തില്‍ മലയാളം ടൈപ്പ്‌ ചെയ്യാം. ബ്ലോഗ്സ്പോട്ട് transliteration നേക്കാള്‍ എത്രയോ എളുപ്പത്തിലും ,ഫലപ്രദമായും ...