ഒരു ജാതി കുപ്പായം



ഉടുത്തുടുത്ത്, പൊടിഞ്ഞ്,
പഴകി, പൊഴിഞ്ഞുപോകു-
മെന്നോര്‍ത്തു ചിലര്‍,
ഇഷ്ടമില്ലാക്കുപ്പായം
പിന്നെയും പിന്നെയും
പറഞ്ഞുടുക്കുന്നു.

വിയര്‍പ്പടിഞ്ഞടിഞ്ഞ് നനഞ്ഞ്,
തയഞ്ഞു തുരുമ്പിച്ചുപൊട്ടു-
മെന്നോര്‍ത്തു ചിലര്‍,
ചങ്ങലകളും കയ്യാമങ്ങളും
പിന്നെയും പിന്നേയും
തലക്കുമേലും ഉയര്‍ത്തിപിടിക്കുന്നു.

അവര്‍ക്കറിയില്ലേ,
കുപ്പായങ്ങളും ചങ്ങലകളു-
മിന്നുമിന്നലെയുമല്ല,വര്‍-
ക്കൊപ്പവുമല്ല, ഉണ്ടായതെന്ന്?
അവര്‍ക്കും മുന്‍പേ,
ആദിയിലുണ്ടായവയാണീ
കുപ്പായങ്ങളും ചങ്ങലകളുമെന്ന്?

അവര്‍ക്കറിയില്ലേ,
തലമുറകളായിരം വിയര്‍ത്തിട്ടും,
തുരുമ്പിക്കാത്തവയാണീ
ചങ്ങലകളെന്ന്?
തലമുറകളായിരം അലക്കിയിട്ടും,
കീറിപോകാത്തവയാണീ
കുപ്പയങ്ങളെന്ന്?

അവര്‍ക്കറിയില്ലേ,
കുപ്പായമഴിക്കുവോളമേ
വെളുത്ത കുപ്പായക്കാരനും
കറുത്ത കുപ്പായക്കാരനുമുള്ളൂവെന്ന്?
കുപ്പായത്തിനടിയിലും, കുപ്പായമഴിച്ചാലും,
ഉണ്ടവയറും പൊള്ളവയറുമുണ്ടെന്ന്?



വാല്‍കഷണം 1:
ഈ കവിതയ്ക്ക് പ്രേരകമായ ലേഖനവും പ്രതികരണവും ഇവിടെ.

വാല്‍കഷണം 2:
ജാതി സ്പിരിറ്റ് വര്‍ക്ക്‌ഔട്ട്‌ ചെയ്യാനായി സത്യക്രിസ്ത്യാനിയായ മനോജിനെ പിടിച്ചു എംപിയാക്കിയ പാര്‍ട്ടിയോട് വേറെന്തു പറയാന്‍?
"താന്താന്‍ നിരന്തരം ചെയ്യുന്ന കാര്യങ്ങള്‍
താന്താന്‍ അനുഭവിചീടുകെന്നെ വരൂ."

3 comments:

  1. തലമുറകളായിരം വിയര്‍ത്തിട്ടും,
    തുരുമ്പിക്കാത്തവയാണീ
    ചങ്ങലകളെന്ന്?

    നല്ല വരികള്‍ :)

    ReplyDelete
  2. അവര്‍ക്കറിയില്ലേ,
    കുപ്പായമഴിക്കുവോളമേ
    വെളുത്ത കുപ്പായക്കാരനും
    കറുത്ത കുപ്പായക്കാരനുമുള്ളൂവെന്ന്?
    കുപ്പായത്തിനടിയിലും, കുപ്പായമഴിച്ചാലും,
    ഉണ്ടവയറും പൊള്ളവയറുമുണ്ടെന്ന്?
    goodlines

    ReplyDelete
  3. കൊള്ളാം റോഷ് നന്നായിട്ടുണ്ട്. ഉണ്ട വയറും പൊള്ളവയറൂം മറച്ച് ഒരു ബെല്‍റ്റുമിട്ട് മിനുക്കി മെഴുക്കി നടക്കുകയല്ലേ?

    ReplyDelete