
നമ്മള് കാട്ടിലൂടെ ഒരു യാത്ര പോവുകയാണെന്നു കരുതുക..
കാണുന്നതും കേള്‍ക്കുന്നതും മനോഹരം,
കാണാനിരിക്കുന്നതും കേള്‍ക്കാനിരിക്കുന്നതും
അതിമനോഹരമെന്നോര്ത്തുകൊണ്ട്,
കാട്ടിലൂടെ, മരുഭൂമിയിലൂടെ,
പുഴയിലൂടെ, കടലിലൂടെ,
അസ്തമയത്തിനും പ്രഭാതത്തിനും അരികിലൂടെ,
നമ്മള് നടന്നുകൊണ്ടിരിക്കവേ,
തീര്‍ത്തും അപ്രതീക്ഷിതമായി,
മുന്നില്‍ ഒരു മതില്......
വലിയ , ആകാശത്തോളം വളര്‍ന്ന,
വാതിലുകളില്ലാത്ത ഒരു മതില്......
നമുക്കറിയാം ,
മതിലിനപ്പുറത്ത്,
അതിമനോഹരമായതെന്തൊക്കെയോ ഉണ്ട്....
അതിസുഗന്ധമുള്ളത്..
അതിസ്വാദുള്ളത്....
പക്ഷേ,
ഇടയ്ക്ക് മതിലും...
തുടക്കവും ഒടുക്കവും ഇല്ലാത്ത കറുപ്പ്....
അറിവിന്റെ,
അനുഭവത്തിന്റെ,
സൌഹൃദത്തിന്റെ,
സ്നേഹത്തിന്റെ,
അനുഭവത്തിന്റെ,
സൌഹൃദത്തിന്റെ,
സ്നേഹത്തിന്റെ,
പ്രണയത്തിന്റെ,
പ്രതീക്ഷയുടെ,
വിരഹത്തിന്റെ,
വേദനയുടെ,
കനിവിന്റെ,
കാരുണ്യത്തിന്റെ
പാതയില്‍ വലിയ ഒരു മതില്....
മതിലുകള്‍ എന്നും വേദനാജനകമാണ്...
മതിലുകള്‍ക്ക് അപ്പുറത്തു നിന്ന് ഉതിരുന്ന
നാരായണിയുടെ ശബ്ദം,
"എന്തോ" വിളികള്‍,
മതിന്റെ ഉയരം ചെറുതാക്കുന്നില്ല..
പിന്നെയും പിന്നെയും വലുതാക്കുന്നതേയുള്ളൂ....
മുന്നില്‍ മതിലാകുംബോള്,
മതിലിനപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്നറിയുംബോള്..
ഒന്നുകില്‍,
ഇടക്കിടെ പിന്തിരിഞ്ഞുനോക്കിക്കൊണ്ട്,
വന്ന വഴികളിലൂടെ തിരിഞ്ഞുനടക്കാം...
അല്ലെങ്കില്‍,
മാറാത്ത മതില്
വഴിമാറുന്നതും കാത്ത്,
അപ്പുറത്തെന്തെന്നോര്ത്ത്,
കാത്തിരിക്കാം....
പക്ഷേ ഇതു രണ്ടും,
നെഞ്ചു കീറും പോലെ വേദനാജനകമാണ്..
അറിഞ്ഞതിലപ്പുറം
അറിയാനുണ്ടെന്ന,
അറിവിന്റെ വേദന.....