Butterfly Dream (ശലഭ സ്വപ്നം)


ചൈനീസ്‌ തത്വ ചിന്തകനായിരുന്ന ഷ്വാങ്ങ്സുവിനെ കുറിച്ചു ഒരു കഥയുണ്ട്‌. ഒരിക്കല്‍ അദ്ദേഹം, താനൊരു പൂമ്പാറ്റയാണെന്ന് സ്വപ്നം കണ്ടു. പക്ഷെ ആ പൂമ്പാറ്റക്ക് താന്‍ ഷ്വാങ്ങ്സു ആണെന്നറിയില്ലായിരുന്നു. പെട്ടന്ന് ഞെട്ടിയുണര്‍ന്ന ഷ്വാന്ഗ്സുവിനു സംശയമായി, ഷ്വാങ്ങ്സുവെന്ന താന്‍ പൂമ്പാറ്റയാണെന്ന് സ്വപ്നം കാണുകയായിരുന്നോ, അതോ യഥാര്‍ത്ഥത്തില്‍ പൂമ്പാറ്റയായ താന്‍ ഇപ്പോള്‍ ഷ്വാങ്ങ്സു ആണെന് സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണോ?.

ക്രിസ്റ്റഫര്‍ സ്കോട്ട് സംവിധാനം ചെയ്ത Butterfly Dream (ശലഭ സ്വപ്നം) എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത് ഈ അസ്തിത്വ പ്രതിസന്ധിയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തില്‍ വികസിക്കുന്ന ഈ ശാസ്ത്രകല്‍പ്പിത ചിത്രം identity collapse എന്ന നൂതന ആശയം കൂടി പങ്കുവയ്ക്കുന്നുണ്ട്. സാം ഗ്രാഷ്യോയുടെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ട ഈ ലോ ബജറ്റ്‌ ചിത്രത്തിന്‍റെ പ്രത്യേകത അതിന്റെ തത്ത്വചിന്താപരമായ തലമാണ്. ഫ്രഞ്ച് തത്വചിന്തകനായ റെനെ ദെ കാര്‍ത്തെയുടെ brain in a vat എന്ന ചിന്താ പരീക്ഷണവുമായി കഥയ്ക്ക് ബന്ധമുണ്ട്. എന്നാല്‍, തിരക്കഥ തയാറാക്കുന്നതിനിടക്ക് നടത്തിയ ചില പഠനങ്ങള്‍ക്കിടക്കു മാത്രമാണ് ദേ കാര്ത്തെയുടെ സിദ്ധാന്തത്തെകുറിച്ചു അറിഞ്ഞതെന്ന് സാം ഗ്രാഷ്യോ പറയുന്നു.

brain -computer interface (BCI), മൊബൈല്‍ ടെക്നോളജി തുടങ്ങിയവ സമന്വയിപ്പിക്കുന്ന ഒരു സാങ്കല്‍പ്പിക കണ്ടുപിടുത്തവും അത് മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധികളെ വല്ലാത്ത ഒരു അസ്തിത്വ തകര്‍ച്ചയിലേക്ക് എത്തിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. മസ്തിഷ്കത്തെ ബാഹ്യ യന്ത്രങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെയാണ് പൊതു
 വില്‍ BCI എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ദ്രിയങ്ങളില്‍ നിന്നും വരുന്ന വിവിധതരം നാഡീതരംഗങ്ങള്‍ മസ്തിഷ്കത്തില്‍ എത്തുന്നത് തലമാസ്‌ എന്ന ഭാഗത്ത് കൂടിയാണ്, അതുപോലെ തിരിച്ചു ശരീരത്തിനുള്ള സന്ദേശങ്ങള്‍ കടന്നു പോകുന്നതും തലാമസിലൂടെ തന്നെ. ഈ നാഡീസന്ദേശങ്ങളെ ഇലെക്ട്രോനിക്‌ സിഗ്നലുകളായി ഡികോഡ് ചെയ്ത്, മൊബൈല്‍ തരംഗങ്ങളായി പുറത്തേക്ക് അയക്കുന്ന ഒരു ഉപകരണം രഹസ്യമായി കണ്ടു പിടിക്കപ്പെടുന്നു. നാനോ ടെക്നോളജിയുടെയും, ന്യൂറോ ഫിസിക്സിന്റെയും സങ്കര ഉല്പന്നമായ, bridge എന്നറിയപ്പെടുന്ന ഈ ഉപകരണം അനായാസമായി തലയോട്ടിക്കടിയില്‍ ഘടിപ്പിക്കാവുന്ന ഒന്നായിരുന്നു. മനുഷ്യന്റെ വികാര വിചാരങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലമായ തലാമസ് തന്നെയാണ് അവന്റെ അസ്തിത്വത്തിന്റെയും ഭൌതികമായ അ ടിസ്ഥാനം. സമയവും സ്ഥലവും സംസ്കാരവും എല്ലാം ഈ പാലത്തെ ആശ്രയിച്ചിരിക്കുന്നു. അവിടെ അത്യന്താധുനികമായ ഒരു ഉപകരണം സ്ഥാപിക്കുക വഴി മനുഷ്യന്റെ അന്നു വരെയുള്ള ചരിത്രത്തെ മൊത്തം നിസ്സാരവത്കരിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇതാണ് സിനിമയുടെ പശ്ചാത്തലം.


കഥ നടക്കുന്നത് ഒരു മനോരോഗാശുപത്രിയിലാണ്. ആശുപത്രിയില്‍ പുതുതായെത്തുന്ന ഡോക്ടര്‍ ക്രിസ്‌ ഡൌട് ( സ്ടീഫെന്‍ വെറ്റല്‍), സങ്കീര്‍ണമായ മനോവൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്ന തോമസ്(സെബാസ്റ്റ്യന്‍ ഫീദ്മാന്‍) എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ . തോമസ്‌ ആദ്യ ദിവസം തന്നെ പുതിയ ഡോക്ടറുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി സിണ്ട്രോം, തിരിച്ചറിയപ്പെടാത്ത മറവി രോഗം എന്നിവയൊക്കെ പ്രകടിപ്പിക്കുന്ന ഒരു മധ്യവയസ്കനാണ് തോമസ്‌. ഇയാളുടെ അപര വ്യക്തിത്വങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. തികച്ചും വ്യത്യസ്തരായ പല വ്യക്തികളായി അയാള്‍ മാറുന്നു. അപ്പോഴൊക്കെയും അയാളുടെ ശരീരഭാഷയും സംസാരരീതിയും, എന്തിനു ശബ്ദം പോലും വ്യതസ്തമാവുന്നു. മാത്രമല്ല അയാള്‍ പ്രകടിപ്പിക്കുന്ന വ്യക്തിത്വങ്ങള്‍ക്കാവട്ടെ ഒരു സ്ഥിരതയുമുണ്ടാവില്ല. ഒരു ശരീരത്തിനുള്ളില്‍ ജീവിക്കുന്ന പല വ്യക്തികളായി അയാള്‍ മാറുന്നു. മാത്രവുമല്ല ഈ അപര വ്യക്തിത്വങ്ങള്‍ക്ക് അവരുടേതായ ഓര്‍മകളും ഉണ്ടാവാറില്ല. മറവിരോഗം ബാധിച്ചത്‌ പോലെ സ്വന്തം പേര് പോലും ഓര്‍മയില്ലാത്ത കുറെ പേര്‍.

പുതിയ ഡോക്ടര്‍ അയാളെ കുറിച്ച് പഠിക്കാന്‍ തുടങ്ങുന്നു. ആരാണെന്നോ എന്താണെന്നോ ആര്‍ക്കും അറിയില്ലാത്ത ഇയാള്‍ ഒരു ദിവസം മഴയത്ത് തനിയെ ആശുപത്രിയിലേക്ക് കയറി വരികയായിരുന്നു. അയാളിലെ ഒരു പ്രത്യേക വ്യക്തിത്വവുമായി ഡോക്ടര്‍ പരിചയപ്പെടുന്നു.ഗവേഷകനായ ബ്രയന്‍ ഫിലിപ്പ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന അയാള്‍ അജ്ഞാതമായ ഒരു ഗവേഷണശാലയുടെയും പേര് പറയുന്നു. തന്റെ മനോവൈചിത്ര്യങ്ങളുടെ യാഥാര്‍ത്ഥ്യം അയാള്‍ ഡോക്ടര്‍ക്ക് വെളുപ്പെടുത്തി കൊടുക്കുന്നു. ഗവേഷണത്തിന്റെ ഭാഗമായി ബ്രിഡ്ജ്‌ സ്ഥാപിക്കപ്പെട്ട ഒരാളായിരുന്നു ബ്രയന്‍/തോമസ്‌. ഒരാളുടെ മസ്തിഷ്കത്തിലെ നിര്‍ദേശങ്ങള്‍ മറ്റൊരാളുടെ ശരീരത്തിനയക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. ശസ്ത്രക്രിയ ഇല്ലാതെ തലച്ചോര്‍ മാറ്റി വയ്ക്കുന്നത്പോലെ. കമ്പ്യൂട്ടരുകള്‍ക്ക് പകരം മനുഷ്യ മസ്തിഷ്കങ്ങളുടെ ഒരു ഇന്റര്‍നെറ്റ് !!! ഉദാഹരണത്തിന് ഒരാള്‍ ഒരു മരുഭൂമിയില്‍ ആണെന്നിരിക്കട്ടെ , അയാളുടെ കണ്ണുകള്‍ കാണുന്ന കാഴ്ചകള്‍ നാഡീതരംഗങ്ങളായി മസ്തിഷ്കത്തിലെത്തുന്നതിന് മുന്‍പ്‌ ബ്രിഡ്ജ് അവയെ പ്രോസ്സസ് ചെയ്ത് മറ്റെവിടെയോ, ചിലപ്പോള്‍ ഒരു എസി, മുറിയിലിരിക്കുന്ന രണ്ടാമന്റെ തലച്ചോറിലെ ബ്രിഡ്ജിലേക്ക് അയക്കുന്നു. അപ്പോള്‍ രണ്ടാമന്‍ കാണുന്നത് മരുഭുമിയാണ്. അതേപോലെ ഒന്നാമന്റെ എല്ലാ ഇന്ദ്രിയങ്ങളില്‍ നിന്നും വരുന്ന തരംഗങ്ങള്‍ രണ്ടാമന്റെ തലയില്‍ എത്തുന്നു. രണ്ടാമന്റെ ശരീരം എസി മുറിയിലിരിക്കുമ്പോഴും അയാള്‍ മണല്‍ കാറ്റിന്റെ ചൂടറിയുന്നു . ചുട്ടു പൊള്ളുന്ന മണലില്‍ നടക്കുന്നു.

രഹസ്യമായി ഗവേഷണം തുടരവേ മനുഷ്യന്റെ ഭൂതവും ഭാവിയുമൊക്കെ തലകീഴായി മറിക്കാന്‍ പോന്ന കണ്ടുപിടുത്തം പരസ്യമാക്കണമെന്നും അതിന്റെ ധാര്‍മികതയും നൈതികതയും തുറന്ന ലോകത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടണമെന്നും ബ്രയന്‍/തോമസ്‌ വാദിക്കുന്നു. എന്നാല്‍ അയാളുടെ മേലധികാരികള്‍ അത് അനുവദിക്കുന്നില്ല. ബ്രയന്‍ രഹസ്യം പുറത്തു വിടുമെന്ന് ഭയന്ന അവര്‍ അയാളുടെ ബ്രിഡ്ജിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഓട്ടോമേറ്റഡ് ആയ ഒരു സിസ്റ്റം ബ്രയന്റെ മസ്തിഷ്കത്തിലേക്ക്‌ പല സമയങ്ങളില്‍ പല വ്യക്തികളുടെയും ചിലപ്പോള്‍ കമ്പ്യൂട്ടര്‍ നിര്‍മിതമായ മസ്തിഷ്ക തരംഗങ്ങള്‍ അയക്കുന്നു. അങ്ങനെയാണ് സമനില തെറ്റി, അയാള്‍ ആ മനോരോഗാശുപത്രിയില്‍ എത്തുന്നത്.

എന്നാല്‍ ഡോക്ടെര്‍ക്ക് പെട്ടന്ന് ഇതൊന്നും വിശ്വസിക്കാനാവുന്നില്ല . അയാളെ വിശ്വസിപ്പിക്കാനായി, തന്റെ മസ്തിഷ്കത്തിന്റെ MRI സ്കാന്‍ ചെയ്യാന്‍ ബ്രയന്‍ ആവശ്യപ്പെടുന്നു. ആ പരിശോധനകളുടെ റിപ്പോര്‍ട്ട്‌ കിട്ടിയ രാത്രി, പിറ്റേന്ന് പരിശോധിക്കാനായി അവ മാറ്റി വച്ച ശേഷം ഡോക്ടര്‍ ഉറങ്ങാന്‍ കിടക്കുന്നു. അടുത്ത സീനില്‍ നമ്മള്‍ കാണുന്നത്, മറ്റെവിടെയോ ഒരു സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണരുന്ന ഒരാള്‍ കണ്ണാടിയില്‍ തന്റെ രൂപം നോക്കി അത്ഭുതപ്പെടുന്നതാണ്. ബ്രിഡ്ജിന്റെ രഹസ്യം പുറത്താകുമെന്ന് ഭയക്കുന്ന ഗവേഷക സംഘം ഡോക്ടറിലും ബ്രിഡ്ജ് സ്ഥാപിക്കുന്നു. ഡോക്റ്ററുടെയും മസ്തിഷ്കത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗവേഷകര്‍, അയാളുടെ മസ്തിഷ്കത്തിലേക്ക് മറ്റെവിടെയോ ജീവിക്കുന്ന മറൊരാളുടെ നാഡീസന്ദേശങ്ങള്‍ അയയ്ക്കുന്നു. അജ്ഞാതമായ സ്ഥലത്ത് ഉറക്കമുണരുമ്പോള്‍ അയാള്‍ക്ക് താന്‍ സ്വപ്നം കാണുകയായിരുന്നോ അതോ നടന്നതെല്ലാം യാഥാര്‍ത്യമാണോ എന്ന് വിവേചിച്ചറിയാനാവുന്നില്ല. "നിങ്ങള്‍ സ്വപ്നം കാണുകയാണോ" എന്ന ചിത്രത്തിന്‍റെ അടിക്കുറിപ്പ്‌ സ്ക്രീനിലെ കണ്ണാടിയില്‍ തെളിയുമ്പോള്‍ 'ശലഭ സ്വപ്നം' അവസാനിക്കുന്നു.

ഒരു ചലച്ചിത്രത്തെ നമുക്ക് രണ്ടു തരത്തില്‍ വിലയിരുത്താം, ചിത്രം എന്ത് പറയുന്നു എന്നതും എങ്ങനെ പറയുന്നു എന്നതിനെയും അടിസ്ഥാനമാക്കി. ചിത്രത്തിറെ പ്രമേയമാണ് ഒന്നാമത്തേത്. അത് കാണികളിലെക്ക് എത്തിക്കാനുപയോഗിക്കുന്ന തിരക്കഥയും മറ്റുമടങ്ങുന്ന 'craft' ആണ് രണ്ടാമത്തേത്‌. സിനിമക്ക് മാത്രമല്ല മറ്റു കലാരൂപങ്ങള്‍ക്കും ബാധകമാണ് ഇവ. സിനിമക്ക് പുറകിലുള്ളവര്‌ക്ക് ഇവ രണ്ടും ഒരേ പോലെ പ്രധാനമായേക്കാം. പക്ഷെ കാണികളെ സംബന്ധിചിടത്തോളം എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം. കാരണം പറയാനുള്ളത് മുഴുവനായും സഹൃദയനില്‍ എത്തിക്കുക എന്നതാണ് കലയുടെ വിജയം. ആദിമധ്യാന്ത പൊരുത്തമുള്ള ഒരു കഥ എന്നതിനപ്പുറം ഒരു അവസ്ഥയാണ് ശലഭ സ്വപ്നത്തിന്റെ പ്രമേയം. അതുകൊണ്ട് തന്നെ തിരക്കഥയ്ക്ക് അതിനിര്‍ണ്ണായകമായ ഒരു പങ്കു വഹിക്കാനുണ്ട്. പ്രമേയത്തിന്റെ സങ്കീര്‍ണ്ണത വച്ചുനോക്കുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥ അത്തരത്തില്‍ മികവ് പുലര്‍ത്തുന്നുണ്ടോ എന്നത് സംശയകരമാണ്. മുന്‍പ് പറഞ്ഞത് പോലെ തന്നെ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സിനിമ എന്ത് പറയുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ പറയുന്നു എന്നതും. പ്രമേയം ആസ്വാദകനെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് അതിന്റെ അവതരണത്തെ ആശ്രയിച്ചിരിക്കുന്നു. സിനിമാക്കാര്‍ക്ക് ഒരു ചിത്രം, ആശയത്തില്‍നിന്നാണ് അവതരണത്തിലേക്ക് എത്തുന്നത് . എന്നാല്‍ കാണികളാവട്ടെ , ആ അവതരണത്തില്‍ നിന്നും ആശയത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ ഈ ചിത്രം അവതരണത്തില്‍ അത്രത്തോളം മികച്ചു നില്‍ക്കുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു. മാത്രവുമല്ല, ഫികഷനേക്കാള്‍ സയന്‍സ് അല്പം കൂടിപോയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും, കണ്ടു കഴിഞ്ഞാലും അല്‍പനേരത്തേക്കെങ്കിലും കാണികളെ ചിന്താക്കുഴപ്പത്തിലാക്കാന്‍ Butterfly Dreams നു കഴിയുന്നുണ്ട്.

3 comments:

  1. സിനിമ സ്വപ്നം കണ്ട ഞാന്‍ നിരൂപണമെഴുതുകയാണോ,
    അതോ നിരൂപണമെഴുതുകയാണെന്ന് സ്വപ്നം കാണുകയാണോ?

    ReplyDelete
  2. see film 'Dream' by kim-ki-duke. Its wonderful and nearing to your thoughts. It was played on IFFK tvpm. A zen approach

    ReplyDelete
  3. ചിത്രഭാനു, ഡ്രീം ഞാന്‍ കണ്ടിരുന്നു. അതിനെക്കുറിച്ച്‌ ഒരു പോസ്ടിടണമെന്നു കരുതിയതാണ്. ലാല്‍-മമ്മൂടി ചിത്രങ്ങളുടെ തിരക്കായിരുന്നു, കിം കി ദുകിനെ കാണാന്‍. ഒരു സീറ്റ്‌ പോലും കിട്ടിയില്ല. പടം മുഴുവന്‍ പുറകില്‍ നിന്നു കാണേണ്ടി വന്നു. :) പക്ഷെ എന്തുകൊണ്ടോ എനിക്കത്ര മെച്ചമൊന്നും തോന്നിയില്ല. ഫ്രെയിമുകളൊക്കെയും വല്ലാതെ ഇടുങ്ങിയതു പോലെ തോന്നി. പിന്നെ ചില സൂചനകള്‍ മനസ്സിലായതുമില്ല. കൊറിയന്‍ സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പല കാര്യങ്ങളും അങ്ങനെ വിട്ടുപോയി. പിന്നെ അവസാന ഭാഗം നന്നായി. ബട്ടര്‍ഫ്ലൈ ഡ്രീം എന്ന ആശയം നന്നായി ചിത്രീകരിച്ചിരിക്കുന്നു. പക്ഷെ ഡ്രീം കാണുന്നതിനും മുന്‍പ് തന്നെ ഇത് ഞാന്‍ എഴുതിയിരുന്നു. :)
    ആദ്യമായി കണ്ട കിം കി ദുക് ചിത്രമായിരുന്നു, ഡ്രീം. ബോ അല്പഭാഗം കണ്ടിരുന്നു. പിന്നെ സ്പ്രിംഗ് സമ്മര്‍ ഫാള്‍... കയ്യിലുണ്ട് . കാണണം. :)

    ReplyDelete