ഹൃദയത്തെ കുറിച്ചു രണ്ടു കവിതകള്‍



1.
ഹൃദയത്തിലെ വീര്‍പ്പുമുട്ടെല്ലാം
ഒരു കൈതോക്കില്‍ നിറച്ച്,
നെറ്റിയുടെ ഇടതുഭാഗത്ത് ചേര്‍ത്തുവച്ച്,
ആയിരം ചിലന്തിക്കുട്ടികള്‍
വലനെയ്യുന്ന വലിയ ചിലന്തിമുട്ടയിലേക്ക്
നിറയൊഴിക്കണം.
കയറി നില്‍ക്കുന്ന
കസേര തട്ടിമറിച്ചിടുമ്പോള്‍,
കഴുത്തിലെ കുരുക്ക്
ഊര്‍ന്നു പോകാതിരിക്കാനാണോ
താടിയെല്ലുകള്‍ സൃഷ്ടിക്കപ്പെട്ടതെന്ന്
പരീക്ഷിക്കണം.
കൈകളില്‍ വരാലിനെപോലെ
വഴുതിപ്പിടഞ്ഞ് വിറച്ചു തുപ്പുന്ന
വെള്ളയെക്കാള്‍ ദൂരത്തില്‍,
കൈത്തണ്ടകളില്‍ തടിച്ച
നീണ്ട ഞരമ്പ്‌
നീളത്തില്‍ മുറിച്ചാല്‍
ചോപ്പ് തെറിക്കുമോയെന്നും
നോക്കണം. 

2.
പ്രിയപ്പെട്ട മരമേ,

വേരുകളുണ്ടായിരുന്നെങ്കില്‍,
ആകാശത്തിന്‍റെ കയങ്ങളില്‍
മുങ്ങിപ്പോകുന്നവനെപ്പോലെ,
മണ്ണിലും കല്ലിലും കൊരുത്തു
വലിച്ചു പിടിക്കാമായിരുന്നു. 
മഴയില്‍ നനയുകയും
വെയിലത്തുണങ്ങുകയുമാകാമായിരുന്നു
ഇലകളില്‍ മണ്ണിനു കത്തെഴുതുകയും
കാറ്റുകളെക്കുറിച്ച് 
തമാശപറയുകയുമാകാമായിരുന്നു.

ചിറകുകളുണ്ടായിരുന്നെങ്കില്‍
ആകാശങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും 
ഒരു നീല മീനിനെപ്പോലെ പറന്നുപോകാമായിരുന്നു
ശിശിരത്തില്‍ ഓരോ പൂമൊട്ടുകളിലും
മിന്നാമിന്നികളെ വിരിയിച്ചെടുക്കാമായിരുന്നു.
മുഴുവന്‍റെ പാതിയായൊരു 
മരത്തെ മണത്തുകൊണ്ട്,
മേഘങ്ങളില്‍  ചിറകുപൂട്ടി,
കൊക്കുരുമ്മി പാര്‍ക്കാമായിരുന്നു.

-എന്ന്‍ സ്വന്തം,
വേരുകളും ചിറകുകളും ഇല്ലാത്ത ഒരു മരം.

അന്ധത

അന്ധതയുമൊരിന്ദ്രിയം,
ഇരുളിന്‍റെ മതിലു കാണാത്ത കണ്ണ്.
ചോരയില്‍, ചെമ്പരത്തിയില്‍,
തീരാത്ത ചോപ്പ്.
തൂവലില്‍, പാറലില്‍,
തോരാത്ത പാട്ട്.
കനവിന്റെ കനലില്‍ പുഴുങ്ങിയിട്ടൊരു
കടലാസിന്‍റെ വെയിലില്‍ ചിക്കിയിട്ടത്-
കൊത്തിപ്പറക്കുന്ന പക്ഷി.
മഴകളില്‍, മരങ്ങളില്‍,
കണ്ണുകളില്‍, കരിങ്കല്ലുകളിലക്ഷരങ്ങള്‍
വിതറിയിട്ടാ വിരല്‍ത്തുമ്പുകളില്‍,
ചിറകു പൂട്ടുന്ന കവിത.
കാണാത്ത കണ്ണിന്നു കാണുവാന്‍
കണ്ണിന്നു കാണാത്ത കാഴ്ചകള്‍.

രണ്ട് (കമ്പി)കവിതകള്‍

1. ഈഡിപ്പസ് റെക്സ്‌
വന്നിടത്തേക്ക് തിരിച്ചു പോകാന്‍,
അവനാദ്യം, തിരിച്ചു വച്ചത്,
സ്വന്തം ലിംഗമായിരുന്നു.













2. വില്പന
ചായപ്പീടികക്കാരി ജാനുവും,
വെടി, കുന്നുമ്മല്‍ ശാന്തയും
തമ്മിലെന്താണ് വ്യത്യാസം?
ഒരുത്തി വച്ചുവിളംബുന്നത്,
പോത്തിറച്ചിയെങ്കില്‍,
മറ്റവള്‍ മുളകിട്ട് വയ്ക്കുന്നത്
സ്വന്തമിറച്ചി.